Sunday, 17 January 2016

ഒരു പേരിനേക്കുറിച്ച്

കൂനനുറുമ്പ് പോലരിച്ചുകയറുന്ന വാക്കുകളിൽ ഒരിക്കൽ പോലുമവളുടെ പേരവിചാരിതമായെഴുതാനായിട്ടില്ല.അടുത്തതെഴുതുന്നതവളുടെ പേരാകുമെന്ന പ്രതീക്ഷയൊരിക്കലും കൈവെടിയാനാവാത്തതിനാലാവാം. ആ പേരെന്റെ സ്വന്തം കൈപ്പടയിലെഴുതിക്കണ്ടാലടുത്ത വാക്കതിനെ നിഷ്പ്രഭമാക്കണമെന്ന ശാഠ്യമെപ്പൊഴോ മനസ്സിൽ കയറിക്കൂടിയതിനാലാവാം. ആ പേരിൽ ജീവിച്ചപ്പേരിന്നർത്ഥതലങ്ങൾ പതിന്മടങ്ങ് വർദ്ധിപ്പിച്ചൊരുവളേക്കുറിച്ചെഴുതാൻ തുനിയുമ്പോളതിന് സംഭവിച്ചേക്കാവുന്ന നഷ്ടങ്ങളേക്കുറിച്ചോർത്തുമാവാം.
മഞ്ഞറിഞ്ഞുരുകും പോലെ ആകാശമിടിയുമാറ് പെയ്യും മഴ പോലെ കാറ്റിന്റെ താളത്തിലൊഴുകും കവിത പോലൊന്നെഴുതാനറിയില്ലെന്നറിവുമാകാം ഉള്ളിൽ കിടന്നു പുളഞ്ഞിട്ടുമാപേര് പേനയാലൊരിക്കലും എഴുതാനാകാത്തത്.

കുറച്ച് സ്വരങ്ങളിൽ പല വ്യഞ്ജനങ്ങൾ ചേരുമ്പോളിത്രയും  ഭാരമെവിടെയും പാടില്ല. ആ ഭാരത്തിൽ തകർന്നടിഞ്ഞില്ലാതാവുന്ന മറ്റു പേരുകളുടെ, മറ്റു വാക്കുകളുടെ, ആ പേരിൽ കൊള്ളാനൊക്കാതെ പോയ മറ്റക്ഷരങ്ങളുടെ ശാപത്താലാവാം ആ പേരൊരിക്കലും എഴുതാനാകാഞ്ഞത്.

ആ പേരിന്റെ പേരിൽ എഴുതാതെ പോയ എഴുത്തുകളും കഥകളും കവിതകളും, പുതുതായി വാങ്ങിയ പേനകൊണ്ടപ്പേരെഴുതാൻ വിറച്ച ദിനങ്ങളുമൊരിക്കലപ്പേരവിചാരിതമായി കടലാസിൽ കടന്നു കൂടുന്നത് കാണുമ്പോളെന്തിനിതിനുവേണ്ടി അത്രയും അവസരങ്ങളില്ലാതാക്കിയെന്ന് ചോദിക്കും. ആ വിചാരണയുടെ ഭാരം താങ്ങാവുന്നൊരെഴുത്തുകാരും എന്നിൽ ജനിക്കാത്തത് കൊണ്ടാകാമിന്നേ വരെ ആ പേരെഴുതാനാകാതെ പോയത്.

ഒരിക്കലാ പേരിന് വിലയില്ലാതാകും. ആ പേരെഴുതാനുള്ള ആഗ്രഹവും അവസരവും ഭാരവും. ഒരിക്കലും എഴുതാതിരുന്ന ആ പേരവിടെക്കാണുമ്പോൾ മഞ്ഞുറക്കും. ചാറ്റൽമഴ പെയ്യും. നിറങ്ങളൊന്നിക്കും. ഭാരം തിരികേ വരും. അന്നാപേരെന്നിൽ വരുത്തിവച്ചതോർത്തതിനേ പേന കൊണ്ട് വെട്ടക്കുത്തി മുറിവേൽപ്പിച്ചില്ലാതാക്കും. രക്തം പൊടിയില്ല. മറ്റാർക്കും വേദനിക്കില്ല. അന്നാ പേരെന്നിൽ മരിക്കും. ആ പേരവിടെ മറക്കും.

കടലാസിലെ യുദ്ധക്കളത്തിൽ ഒളിഞ്ഞിരുന്നില്ലാതായ പേര്  ഒരിക്കലും എഴുതപ്പെട്ടില്ലെന്ന് വാക്കുകളും അക്ഷരങ്ങളും ധരിക്കും. ഇതൊന്നുമറിയാതെ അവളേക്കുറേപേരാപേര് വിളിക്കും.

2015