Tuesday, 22 December 2015

സമരം



എഴുത്ത് നിർത്തിയിട്ടില്ലെന്ന് സ്വയം ഉറപ്പിക്കാനായി
അന്നെഴുതിയ കവിത ഇന്ന് വായിക്കുമ്പോൾ
അതിലെ കൃത്രിമത്വം എണ്ണിപ്പറഞ്ഞ് മുഖത്തടിക്കും
മനസ്സിൽ തട്ടാതെ എഴുതിയ വാക്കുകൾ.

പുഴപോലൊഴുകി തിരയായടിക്കാൻ
ഞാനന്ന് കൂട്ടമായെഴുതിയ വാഗ്സമൂഹങ്ങൾ
സ്വയം പിരിഞ്ഞു വന്ന്
ഇങ്ങനെ കൂട്ടിയാൽ ഞങ്ങൾ കൂടില്ലെന്ന്
സമരം ചെയ്യുമ്പോൾ
അവരേ കേൾക്കാതെ കടുമ്പിടിത്തം പിടിച്ച്
ഇല്ലാത്ത ഒഴുക്കുണ്ടെന്ന് അവരോട് പറയുവാൻ
പാടു പെടും ഞാൻ.

ഞാനെന്ന വാക്കെന്നെ നോക്കി
നീ ഞാനല്ലെന്ന് പറയുമ്പോൾ
നിങ്ങളൊക്കെ ഞാനാണെന്നും
ഞാൻ നിങ്ങളൊക്കെയാണെന്നും
മാറി മാറി പറഞ്ഞ്
അവരെ ആശ്വസിപ്പിക്കാനെന്നവണ്ണം
സ്വയം ആശ്വസിപ്പിക്കണം.

അന്നതിന് കഴിയാതെ വന്നാൽ
അന്നെഴുതണം ഇതു വരെ എഴുതാത്ത
ഉള്ളിൽ തട്ടിയ വാക്കുകൾ.

അന്നവരോട് നിങ്ങളില്ലെങ്കിൽ ഞാനില്ലെന്ന്
പരാജയം സമ്മതിച്ച്
അവരോടെനിക്കായി സ്വയമെഴുതാൻ പറയണം.

വാക്കുകളുടെ ഒരു കൂട്ടം മാത്രമാണ്
ഈ എഴുതുന്നയാളെന്ന്
സ്വയം മനസ്സിലാക്കാൻ
വാക്കുകൾ ഉപയോഗിച്ച് ചിന്തിക്കണം.
ആ ചിന്തയതാണെന്ന്
അവരറിഞ്ഞ ശേഷമെഴുതിയാലവർ
സമരം ചെയ്യില്ലായിരിക്കും.

2015

No comments:

Post a Comment